Thursday, September 15, 2011

വീടെത്താതെ പോകുന്ന നമ്മളെന്ന ഒറ്റയടിപ്പാത

തിരക്കിന്റെ പൊടിയും പുകയും
നിറഞ്ഞ്
അപകടങ്ങളുടെ വണ്ടികള്‍
കുത്തിനിറച്ച്
ജീവിതത്തിന്റെ ഹൈവേകള്‍ക്കപ്പുറം,

വീടെത്തുന്നതിന്‍
മുന്നേ
ആവലാതികള്‍ അടര്‍ത്തിമാറ്റി
മനസ്സുകള്‍ നടക്കാനിറങ്ങുന്ന
സ്നേഹത്തിന്റെ തണല്‍മരങ്ങള്‍ നിറഞ്ഞ
ഒരൊറ്റയടിപ്പാതയുണ്ട്.

എത്ര വേഗം നടന്നാലും
വഴി നീണ്ടും വളഞ്ഞും കുറുകിയും
വീടെത്താതെ പോകുന്നപോല്‍...
പ്രണയത്തിന്റെ ദൈവം
പെന്‍സില്‍ കൊണ്ട് വരച്ചിട്ട ചിത്രം പോലെ
പാതയുടെ ഇരുവശവും
അന്യരെപ്പോലെ നിന്ന മരങ്ങള്‍
വെയില്‍ മൂടിയ പകലിന്റെ
അപരിചിതത്വം വലിച്ചു നീക്കി
ഇണകളോട് മിണ്ടിത്തുടങ്ങും.
കൊമ്പ് പൂത്തതും, ഇല കൊഴിഞ്ഞതും,
വെയില്‍ വരച്ചതും,
കിളികള്‍ ചുണ്ട് കോര്‍ത്തതും...

പതുക്കെ പതുക്കെ പകല്‍ചൂടില്‍
ആകാശത്ത് ജെറ്റ് വിമാനങ്ങള്‍ ഊതിവിട്ട
പുകരേഖകള്‍ മാഞ്ഞുപോകും പോലെ
നമ്മള്‍
മരങ്ങള്‍ക്കും ഇടവഴികള്‍ക്കുമൊപ്പം
ഇരുളിലലിഞ്ഞു പോകും.

പരിഭവങ്ങളുടെ ഒറ്റമുറി,
അപകടങ്ങളുടെ റോഡ്,
തിരക്കും മടുപ്പും സമാസമം
കുറുക്കിയെടുത്ത ഓഫീസ്...
ഒരിക്കലും ഇളകിമാറാനാവാതെ
പാളങ്ങളുടെ ഇടയില്‍പ്പെട്ടു പോയ
തീവണ്ടി പിന്നെയും കൂകിതുടങ്ങും!
വീണ്ടും
അടുത്ത സന്ധ്യയില്‍
പുനര്‍ജ്ജനിക്കും വരെ.
***

19 കൂട്ടുകാര്‍ എഴുതിയത്:

പകല്‍കിനാവന്‍ | daYdreaMer said...

വീണ്ടും
അടുത്ത സന്ധ്യയില്‍
പുനര്‍ജ്ജനിക്കും വരെ!

ഇ.എ.സജിം തട്ടത്തുമല said...

"എത്ര വേഗം നടന്നാലും
വഴി നീണ്ടും വളഞ്ഞും കുറുകിയും
വീടെത്താതെ പോകുന്നപോല്‍....."

"പാതയുടെ ഇരുവശവും
അന്യരെപ്പോലെ നിന്ന മരങ്ങള്‍
വെയില്‍ മൂടിയ പകലിന്റെ
അപരിചിതത്വം വലിച്ചു നീക്കി
ഇണകളോട് മിണ്ടിത്തുടങ്ങും."

ചിത്രം കണക്കെ മനോഹരമയി വരച്ചു വച്ചിരിക്കുകയണ് വിതുമ്പലുകളും വിഹ്വലതകളും.....

Junaiths said...

പിന്നേ...ഒന്ന് പോടാപ്പാ...
(ഇത് തന്നെ നീ കുറേക്കാലത്തിനു ശേഷം കവിതയെന്ന ലേബലില്‍ എഴുതിയത് കൊണ്ട്....)

Kaarthuka said...

ഒരിക്കലും ഇളകിമാറാനാവാതെ
പാളങ്ങളുടെ ഇടയില്‍പ്പെട്ടു പോയ
തീവണ്ടി പിന്നെയും കൂകിതുടങ്ങും!

ശ്രീനാഥന്‍ said...

ഇഷ്ടമായി, ഇടയ്ക്കൊക്കെ നമുക്ക് ആ ഒറ്റയ ടിപ്പാതയിലൂടെ നടക്കണം.

മേഘമല്‍ഹാര്‍(സുധീര്‍) said...

എത്ര ആവര്‍ത്തിച്ചാലും cliche ആവാത്ത ബിംബമാണ് പാത. മനോഹരം പകല്‍കിനാവാ..

ദൃശ്യ- INTIMATE STRANGER said...

ഒരിക്കലും ഇളകിമാറാനാവാതെ
പാളങ്ങളുടെ ഇടയില്‍പ്പെട്ടു പോയ
തീവണ്ടി പിന്നെയും കൂകിതുടങ്ങും!
വീണ്ടും
അടുത്ത സന്ധ്യയില്‍
പുനര്‍ജ്ജനിക്കും വരെ.
വരികള്‍ ഇഷ്ടായി

രാജേഷ്‌ ചിത്തിര said...

പ്രണയത്തിന്റെ ദൈവം
പെന്‍സില്‍ കൊണ്ട് വരച്ചിട്ട ചിത്രം പോലെ
പാതയുടെ ഇരുവശവും
അന്യരെപ്പോലെ നിന്ന മരങ്ങള്‍

nannayeda, dusHTaaaaaa

Sujeesh n m said...

കാലം കുറെയായല്ലോ കിനാവനെ കവിതയില്‍ കണ്ടിട്ടെന്നു കരുതി വന്നതാണ്.
പകല്‍ചൂടില്‍
ആകാശത്ത് ജെറ്റ് വിമാനങ്ങള്‍ ഊതിവിട്ട
പുകരേഖകള്‍ മാഞ്ഞുപോകും പോലെ
നമ്മള്‍
മരങ്ങള്‍ക്കും ഇടവഴികള്‍ക്കുമൊപ്പം
ഇരുളിലലിഞ്ഞു പോകും

yousufpa said...

നടന്നിട്ടും നടന്നിട്ടും തീരാത്ത പാത.

വിശ്വസ്തന്‍ (Viswasthan) said...

ഇവിടെ വന്നതിനു ശേഷം ഇപ്പോള്‍ ഞാന്‍ പകലും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു .

"പകല്‍ കിനാവാന്‍ "മനോഹരമായ കണ്ടെത്തല്‍

Anonymous said...

പതുക്കെ പതുക്കെ പകല്‍ചൂടില്‍
ആകാശത്ത് ജെറ്റ് വിമാനങ്ങള്‍ ഊതിവിട്ട
പുകരേഖകള്‍ മാഞ്ഞുപോകും പോലെ
നമ്മള്‍
മരങ്ങള്‍ക്കും ഇടവഴികള്‍ക്കുമൊപ്പം
ഇരുളിലലിഞ്ഞു പോകും.

ennekkum....

- സോണി - said...

സ്നേഹം നടക്കാനിറങ്ങുന്ന ഒറ്റയടിപ്പാതകള്‍ -
ആ ഇമേജ് എനിക്കിഷ്ടമായി.

ഗീത രാജന്‍ said...

nice....:)

Jijo Kurian said...

Beautiful imagery,deep thoughts, and really poetical!!!

മാണിക്യം said...

"വീടെത്തുന്നതിന്‍ മുന്നേ
ആവലാതികള്‍ അടര്‍ത്തിമാറ്റി
മനസ്സുകള്‍ നടക്കാനിറങ്ങുന്ന
സ്നേഹത്തിന്റെ തണല്‍മരങ്ങള്‍ നിറഞ്ഞ
ഒരൊറ്റയടിപ്പാതയുണ്ട്."

സത്യം!
ഈ ഒറ്റയടിപ്പാത തന്നെയാണ് ഒരോരുത്തരുടേയും
മനസ്സിന്റെ ശക്തിയും...
പകലന്റെ ചിത്രങ്ങള്‍ പോലെ മനോഹരമായ
ജീവനുള്ള കവിത,അഭിനന്ദനങ്ങള്‍!!

അവതാരം said...

മനസ്സിന്റെ ഒറ്റയടിപാതയിലേക്ക്
ഒരു എത്തി നോട്ടം
നന്നായി

ഭാനു കളരിക്കല്‍ said...

ഓരോ വരികളും ഇഷ്ടമായി.

Anonymous said...

പരിഭവങ്ങളുടെ ഒറ്റമുറി