Tuesday, July 30, 2013

എത്യോപ്യയിലെ ഋതുഭേദങ്ങളിലൂടെ...


ഒരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരം വയ്ക്കാനാവാത്ത ചില അപൂര്‍വ്വ നിമിഷങ്ങളെക്കുറിച്ചാണ്. സര്‍ഗ്ഗാത്മകത കൂട്ടിനുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മുടെ കാഴ്ചയും കാഴ്ചപ്പാടുകളും നവീകരിക്കപ്പെടും. അഭൂതപൂര്‍വ്വമായ ചിത്രങ്ങളിലേയ്ക്ക് ചില യാത്രകള്‍ പകര്‍ത്തി വയ്ക്കപ്പെടാം. യാത്രകള്‍ തുറന്നു തരുന്ന സാധ്യതകള്‍ അനന്തമാണ്. അവശേഷിപ്പിക്കുന്ന ഓര്‍മ്മകള്‍ അവര്‍ണ്ണനീയവും. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കിഴക്കന്‍ ആഫ്രിക്കയിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാ നവും വലിപ്പത്തില്‍ പത്താം സ്ഥാനവും ഉള്ള എത്യോപ്യയിലേക്ക് യാത്രയാകുമ്പോള്‍ ഒട്ടും കരുതിയില്ല ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു സ്വപ്ന സഞ്ചാരമാകും അതെന്ന്. തലസ്ഥാന നഗരമായ അദ്ദിസ് അബാബയില്‍ നിന്നും തൊള്ളായിരം കിലോമീറ്റര്‍ അകലെ ഒമോവാല്ലി എന്ന അതി മനോഹരമായ താഴ്വരയിലേക്കായിരുന്നു ഞങ്ങൾ ആറു പേരടങ്ങുന്ന സംഘം

യാത്ര തിരിച്ചത് . അദ്ദിസ് അബാബയിലെ ബോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയോടെ എത്തുമ്പോൾ

ഞങ്ങളെ സ്വീകരിക്കാനായി അവിടെ ഡ്രൈവര്‍ ”മക്കുണ്ണനും’ ഗൈഡ് ”മോട്ടിയും” കാത്തു നില്‍പ്പുണ്ടായിരുന്നു.

കൂട്ടത്തില്‍ എല്ലാവരും യാത്രയെ സ്നേഹിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഒരു യാത്രക്കായ് ഞങ്ങള്‍ എല്ലാവരും വേഗം റെഡിയായി. നല്ല തണുപ്പും ഒപ്പം ചെറിയ മഴയും. പെട്ടെന്ന് തന്നെ നഗരത്തിന്റെ തിരക്കുകള്‍ മാറി. പുല്ലും മുളയും കൊണ്ട് മേഞ്ഞ ചെറിയ കുടിലുകളും പച്ച പുതച്ച മനോഹരമായ കുന്നിൻ ചെരിവുകളും കണ്ടു തുടങ്ങി. വളരെ പെട്ടെന്ന് ഞാന്‍ ഡ്രൈവറുമായി കൂടുതല്‍ അടുത്തു. നന്നായി ഇംഗ്ലീഷ് സംസാരിച്ച മക്കുണ്ണന്‍ എത്യോപ്യ യെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും വാചാലനായി.

മോട്ടി ഏതോ എത്യോപ്യന്‍ ഗാനം മൂളി കൊണ്ടിരുന്നു. റോഡിനിരു വശവും കാപ്പി തോട്ടങ്ങളും ചണവും ചോളവും ഇടതൂര്‍ന്നു നിന്നു. വളരെ ചെറിയ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വരെ ആടുകളുടെയും പശുക്കളുടെയും കൂട്ടവുമായി പോകുന്നത് കാണാമായിരുന്നു .

ഭൂമിശാസ്ത്ര പരമായി ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ എത്യോപ്യ. സമുദ്ര നിരപ്പില്‍ നിന്നും നൂറു മീറ്ററില്‍ അധികം താഴെയുള്ള പ്രദേശങ്ങള്‍ മുതല്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങള്‍ വരെ ഇവിടെ കാണാം. എത്യോപ്യന്‍ ബിർ നമ്മുടെ രൂപയേക്കാള്‍ ഇരട്ടി മൂല്യമുള്ളപ്പോൾ എങ്ങനെ ഇത്ര പട്ടിണിയും നിരക്ഷരതയും എന്ന് ഞാന്‍ ആലോചിച്ചു. കഴുതപ്പുറത്ത് ആയിരുന്നു കൂടുതൽ ആളുകളും സഞ്ചരിച്ചിരുന്നത്.

കാപ്പിയുടെ ജന്മ സ്ഥലമാണ് എത്യോപ്യ. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉൽപ്പാദിപ്പിക്കുന്നതും ഇവിടെ തന്നെ. നൈൽ

നദിയിലെ എണ്‍പത്തഞ്ച് ശതമാനം ജലവും നാല് വശവും കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന

ഇവിടെ നിന്നാണ് പോകുന്നത് .

അഡിസ് അബാബയിൽ നിന്ന് ഇരുനൂറു കിലോമീറ്റർ അകലെ ബുട്ടാജിറയിൽ എത്തിയപ്പോ ചായ കുടിക്കാനായി ഞങ്ങൾ ഇറങ്ങി. എത്യോപ്യ യിലെ പ്രശസ്തമായ "ബുന്ന" എന്ന കാപ്പി കുടിച്ചു. കനലിൽ മണി ക്കൂറുകളോളം തിളപ്പിച്ചാണ് ബുന്ന ഉണ്ടാക്കുന്നത്‌ . അതുവരെ ഉണ്ടായിരുന്ന എല്ലാ യാത്രാ ക്ഷീണവും ഒരൊറ്റ കാപ്പിയിൽ അവസാനിപ്പിച്ച് ഞങ്ങൾ പിന്നെയും യാത്ര തുടർന്നു. ഓരോ നൂറു കിലോമീറ്റർ പിന്നിടുമ്പോഴും മഴ മാറി വെയിലും വെയിൽ മാറി തണുപ്പും പിന്നെ ഇളം ചൂടും വന്നു കൊണ്ടിരുന്നു. ആ ഊഷ്മളമായ കാലാവസ്ഥയില്‍ മനസ്സിനെ മഥിക്കുന്ന കാഴ്ചകളുടെ അകമ്പടിയില്‍ അങ്ങനെയൊരു യാത്ര ഒരു പ്രത്യേക അനുഭവമായിരുന്നു. ഏകദേശം പാതി ദൂരം പിന്നിട്ടപ്പോള്‍ മുൻകൂട്ടി ബുക്ക്‌ ചെയ്തിരുന്ന ഹോട്ടൽ മുറിയിലെത്തി ഞങ്ങള്‍. . വോലെയിട്ടോ സോടോ എന്ന സ്ഥലത്തെ ഒരു ഇടത്തരം ഹോട്ടൽ ആയിരുന്നു അത്.

അതിരാവിലെ തന്നെ റെഡി ആയി ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. പോകുന്ന വഴിയിലൊക്കെ കുടിവെള്ളം ശേഖരിച്ചു പോകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നീണ്ട നിരതന്നെ കാണാം. കന്നാസുകളിൽ വെള്ളം നിറച്ചു കഴുതകളുടെ പുറത്തു കെട്ടിവെച്ചാണ് പോയിരുന്നത്. ഒരു കുട്ടി പോലും സ്കൂളിലേക്ക് പോകുന്ന കാഴ്ച എവിടെയും കണ്ടില്ല. എല്ലാവരും വണ്ടിയിൽ ചിരിച്ചും സന്തോഷിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോഴും നഷ്ടപെട്ടുപോകുന്ന ഇവരുടെ ബാല്യവും വിദ്യാഭ്യാസവും ജനങ്ങളെ കാര്‍ന്നു തിന്നുന്ന പട്ടിണിയും എന്നെ വല്ലാത്തൊരു അസ്വസ്ഥതയിലേക്ക് ഇടയ്ക്കിടെ തള്ളിവിടുന്നുണ്ടായിരുന്നു. . എന്റെ ക്യാമറക്കണ്ണുകള്‍ ഈ പച്ച മനുഷ്യരെ, അവരെ ചൂഴ്ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയെ ഇരുട്ടും വെളിച്ചവും ചാലിച്ച് പകര്‍ത്തിക്കൊണ്ടേയിരുന്നു. വഴിയുടെ ഇരു വശത്തുമുള്ള പാടങ്ങല്ക്ക് നടുവിലായി കുറെയേറെ ഏറു മാടങ്ങളും അവയിലൊക്കെ ആളുകളും ഉണ്ടായിരുന്നു.പാടങ്ങളിൽ ശല്യക്കാരായി വരുന്ന ആൾക്കുരങ്ങുകളെയും പന്നികളെയും പക്ഷികളെയുമൊക്കെ ഓടിക്കാനാണെന്ന് മക്കുണ്ണൻ പറഞ്ഞു തന്നു. പ്രായമാവർ മുതൽ ചെറിയ കുട്ടികൾ വരെ യുണ്ടായിരുന്നു ഈ കൂട്ടത്തിൽ. ഒരു ദിവസം രാത്ര്യും പകലും മുഴുവൻ കാവൽ നിന്നാൽ ഒരു അമേരിക്കാൻ ഡോളർ ആണ് അവരുടെ ശമ്പളം.

പക്ഷേ നിറം കെട്ട ഇവരുടെ ജീവിതത്തില്‍ നിറങ്ങളുടെ ഉത്സവം പോലെയാണ് ആളുകളുടെ വസ്ത്രധാരണം. . കൊണ്സോ എന്ന ഗ്രാമത്തിലൂടെ കടന്നു പോയപ്പോൾ അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്. എല്ലാവർക്കും ഒരേപോലെയുള്ള ഉടുപ്പുകളായിരുന്നു എന്നു മാത്രം. നിറവും ഡിസൈനും എല്ലാം ഒന്ന് തന്നെ. യൂണിഫോം അണിഞ്ഞു പോകുന്ന കുട്ടികളുടെ,ചെറുപ്പക്കാരുടെ, മുതിര്‍ന്നവരുടെ ഒരു കൂട്ടം പോലെ തോന്നിച്ചു .

ഞങ്ങളുടെ യാത്ര ടാറിട്ട റോഡു കടന്നു ചെമ്മണ്‍ പാതയിലൂടെയായി.. ഇനിയുള്ള ഇരുനൂറു കിലോമീറ്റര്‍ യാത്ര ചുവന്ന പൊടി പറത്തിയാകുമെന്നു മക്കുണ്ണൻ ഓർമിപ്പിച്ചു. ശരിക്കും മോഹിപ്പിക്കുന്ന ഭൂപ്രകൃതി ആയിരുന്നു ഞങ്ങളെ വരവേറ്റത്. പച്ച വിരിച്ച കുന്നുകളും വാഴത്തോട്ടങ്ങളും ചോള വയലുകളും അതിനിടയിൽ കൂണുകൾ പോലെ കുഞ്ഞു കുടിലുകളും നിറഞ്ഞ അതിസുന്ദരമായ എത്യോപ്യന്‍ കാഴ്ചവിരുന്ന്. പോകും വഴിയില്‍ വണ്ടി കയറി ഒരു പെരുമ്പാമ്പ്‌ ചത്ത്‌ കിടന്നിരുന്നു. അവിടെ ഇറങ്ങി ഞങ്ങള്‍ കുറെ ചിത്രങ്ങള്‍ എടുത്തു.

‘ഒമൊവാല്ലി’ എന്നാ സ്ഥലത്ത് ആയിരുന്നു ഞങ്ങള്‍ക്ക് എത്തേണ്ടിയിരുന്നത് . ജോലി തുടങ്ങാൻ ഒരു ദിവസം വൈകിയതിനാൽ ഞാനും മോട്ടിയും ഡ്രൈവറും കൂടി അവിടെ ചെറുതായി ഒന്ന് കറങ്ങാൻ തീരുമാനിച്ചു. വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ഉള്ള ഗോത്ര, ഗിരിവർഗ വിഭാഗങ്ങളാണ് ദക്ഷിണ എത്യോപ്യയിലെ തുർമിയിൽ ഉള്ളത്. ‘ഹരോ’ , ‘മുർസി ‘, ‘ഹാമർ’ എന്നിവരാണ് പ്രധാനമായും. ഞങ്ങൾ നേരെ പോയത് അവരുടെ ചന്തയിലേക്കായിരുന്നു,. അവിടെ എത്തിയപ്പോൾ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു ഞങ്ങളെ വരവേറ്റത്. മാറു മറയ്ക്കാത്ത ഗോത്രവരഗ്ഗ സ്ത്രീകള്‍. ഏറെ നേരം അവിടെയൊക്കെ ചുറ്റിയടിച്ചു. മോട്ടി എന്നെയും കൂട്ടി അവരുടെ വീടുകളിൽ പോയി. സ്നേഹവും ചിരിയും അമ്പരപ്പും കലർന്ന മുഖത്തോടെ അവർ ഞങ്ങളെ സീകരിച്ചു. ഏറെ നേരം ഞങ്ങൾ അവരുടെ ജീവിതം കണ്ടു. മക്കുണ്ണൻ അവരുടെ ജീവിത രീതികളെ കുറിച്ചും ചരിത്രത്തെ കുറിച്ചുമെല്ലാം വിവരിക്കുന്നുണ്ടായിരുന്നു. ഏതു വീട്ടില്‍ പോയാലും അവരുടെ പരമ്പാഗത മദ്യമായ “തേജ് “ നമുക്ക് തരും. ഇരുണ്ട മഞ്ഞ നിറമുള്ള മദ്യം ഏതോ മരുന്ന് പോലെ തോന്നിച്ചു. പുല്ലും മുളയും മണ്ണും ചേർത്ത മിശ്രിതം കൊണ്ടാണ് വൃത്താകൃതിയിൽ കൂടാരം പോലെ വീട് ഉണ്ടാക്കുന്നത്‌. ഞാൻ കുറെ ചിത്രങ്ങൾ എടുത്തു. നമ്മുടെ ജീവിത പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജനതയെ കാണുന്നത്, അവരുടെ ജീവിതം അറിയുന്നത് ഒരു സ്വപ്നം പോലെ തോന്നി. ഭൂമിയുടെ ഏതൊക്കെ വിദൂരതകളിൽ ജീവിതങ്ങളിങ്ങനെ എത്രയോ വ്യത്യസ്തമായി അജ്ഞാതമായി നമ്മെ കാത്തിരിക്കുന്നുണ്ടാവും. ഒരു ജീവിതം മതിയാവില്ലല്ലൊ ഭൂമി നമുക്കായ് ഒരുക്കിയ ഈ അനന്ത വൈവിധ്യങ്ങളെ അറിയാന്‍ .

അന്ന് രാത്രി ഒമോ നദിയുടെ കരയിൽ ഞങ്ങൾക്കായ് നിർമ്മിച്ച ടെന്റുകളിലേക്ക് മടങ്ങിപോന്നു. രാത്രി മുഴുവൻ മക്കുണ്ണൻ അവരെ കുറിച്ച് നിറുത്താതെ സംസാരിച്ചു. പിറ്റേന്ന് വൈകുന്നേരം ഷൂട്ട് കഴിഞ്ഞു അവരുടെ വീടുകളിലേക്ക് അന്തിയുറങ്ങാൻ പോകുംവരെയും അവർ തന്നെയായിരുന്നു മനസ്സ് നിറയെ. എത്ര സ്നേഹത്തോടെ അവർ ഞങ്ങളെ സ്വീകരിച്ചു. അന്ന് വൈകുന്നേരം അവിടെ ഞങ്ങള്ക്കായി പ്രത്യേകം ഒരുക്കിയ സ്ഥലത്ത് വെളുക്കുവോളം നൃത്തം ചെയ്തു . പാട്ടുപാടി. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു രാത്രി. അതിൽ ചിലര്‍ വളരെ അമ്പരപ്പോടും ആശ്ച്ചര്യത്തോടും കൂടി ഞങ്ങളുടെ അടുത്ത് വരുന്നു. ചിലര്‍ തൊടുന്നു . ഇത്രമേൽ വികസിച്ച ഒരു ലോകത്ത് ഇന്റർനെറ്റ്‌ , കമ്പ്യൂട്ടർ, മൊബൈൽ ഫോണ്‍ , സ്കൂൾ, ഇതൊക്കെ എന്തെന്നറിയാതെ ഇപ്പോഴും ഒരുപാട് മനുഷ്യർ. പട്ടിണി കൊണ്ട് കരുവാളിച്ച മുഖങ്ങളിലും മനുഷ്യ സ്നേഹത്തിന്റെ വെണ്മ! അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ലാത്ത അനുഭൂതി. ഓരോ യാത്രയും നമുക്ക് തരുന്നത് ആകസ്‌മികവും അപൂര്‍വ്വവുമായ അനുഭവങ്ങളാണ്. നാല് ദിവസം ഞങ്ങൾ അവർക്കൊപ്പം ഉണ്ടായിരുന്നു. ഇടയ്ക്കു ബിസിനസ് ആവശ്യത്തിനായി എതിയോപ്യയിൽ എത്തിയ എന്റെ സുഹൃത്ത്‌ ബിക്കി ഫർഹാദും എനിക്കൊപ്പം ചേർന്നു .

ജോലി തീർത്ത് മടങ്ങുനതിനു മുന്നേ ഒരു ദിവസം കൂടി ഞങ്ങൾക്കവിടെ കിട്ടി. എത്യോപ്യയിലെ ഉയർന്ന മലനിരകളോട് ചേർന്ന് കിടക്കുന്ന ‘ദൊർസെ വില്ലേജ്’ എന്നാ സ്ഥലത്തേക്കാണ്‌ ഞങ്ങൾ പോയത്. വിസ്മയം ജനിപ്പിക്കുന്ന ഒട്ടേറെ പ്രദേശങ്ങൾ പിന്നിട്ടു ഞങ്ങൾ ദൊർസെയിൽ എത്തിയപ്പ്പോൾ മഞ്ഞു മൂടി കിടക്കുന്ന മലനിരകൾ നമ്മുടെ മൂന്നാറിനെ ഓര്മ്മിപ്പിച്ചു . ദൊർസെയിലെ കുടിലുകൾ പ്രത്യേകതരത്തിൽ ഉള്ളവയായിരുന്നു . കണ്ടാല്‍ വളരെ ചെറിയ കുടിലുകള്‍ . ഉള്ളിലേക്ക് കയറിയാൽ , ഒരു പാട് മുറികളുള്ള , ഒരു വശത്ത് കാലി തൊഴുത്തും മറു വശത്ത് അടുക്കളയും ചേർന്ന് അതി വിശാലമായ ഒരു വീട്. ചുറ്റും വീടിനേക്കാൾ ഉയരത്തിൽ പടർന്നു പന്തലിച്ചു നില്ക്കുന്ന വാഴക്കൂട്ടങ്ങൾ. പരമ്പരാഗത വസ്ത്രങ്ങള്‍ നെയ്യുന്ന നെയ്തു ശാലകൾ., കന്നുകാലി ചന്ത. ഇതൊക്കെ മറ്റെവിടെയും കാണാത്ത തരത്തിൽ വ്യത്യസ്തങ്ങള്‍ ആയിരുന്നു.ഒരു ജീവിതം മതിയാവില്ലല്ലൊ ഭൂമി നമുക്കായ് ഒരുക്കിയ ഈ അനന്ത വൈവിധ്യങ്ങളെ അറിയാന്,‍ ക്യാമറയില്‍ നിറയെ മനസ്സ് പകര്‍ത്തിയ ചിത്രങ്ങളുമായി എത്യോപ്യയോട് വിട പറയുമ്പോൾ ഇനിയും ഒരുപാട് തവണ തിരകെ വരും എന്ന് ചുറ്റിലും നിറഞ്ഞ സ്നേഹത്തിന് അവരെ പൊതിയുന്ന പ്രകൃതിയൊരുക്കിയ കാഴ്ചഭംഗിക്ക് വാക്കുകൊടുക്കാതെ വയ്യായിരുന്നു. 


വാരാദ്യമാധ്യമം - July 28- 2013