
ഷാര്‍ജയിലെ റോളയില്‍
ഇറച്ചിമാര്‍ക്കറ്റിനും പക്ഷിമാര്‍ക്കറ്റിനും
കുറുകേയുള്ള ഇടവഴിയില്‍
പഴയൊരു ‘ടൊയോട്ട കൊറോള’
മണ്ണും പൊടിയും നിറഞ്ഞ്
ചലനമറ്റ് കിടക്കുന്നു!
ആളു കൂടാറില്ല, കാഴ്ചക്കാരില്ല,
കൈയ്യടിയില്ല.
അറബിയിലും, മലയാളത്തിലും,
പിന്നെ പല ഭാഷകളിലും
തെറികള്‍ മാത്രം...!
ചിലര്‍ തല കുനിച്ചേ പോകൂ.
ചിലരൊന്ന് പാളിനോക്കും,
ഊറി ചിരിക്കും.
മുനിസിപ്പാലിറ്റിയുടെ
അവസാന നോട്ടീസിനൊപ്പം
“നായിന്റെ മോനേ...വണ്ടി കഴുകെടാ”
എന്നൊരുത്തന്‍...!
കാത്തിരുപ്പുണ്ടാകും,
പെണ്ണുണ്ടാകും, പെണ്‍കുട്ട്യോളുണ്ടാകും.
ചാനലുകാര് പകര്‍ത്തിയെടുത്ത്-
നിമിഷങ്ങള്‍ അളന്ന് വിറ്റിട്ടുണ്ടാകും.
അരി തരാം, പണം തരാം,
ജീവിതം തരാമെന്ന് പലരു പറഞ്ഞിട്ടുണ്ടാകും..!
എന്നാലും, എടാ...
എന്തിനാണീ ഒളിച്ചുകളി?
തണുത്തുവിറച്ച് ഏത് ഇരുട്ടിലാകും നീ?
നിനക്ക് തണുക്കില്ലേ? പേടിയാകില്ലേ?
ഏതു നടുറോട്ടിലാകും
നിന്റെ ചോര വെയില്‍കൊണ്ടുണങ്ങിയത്?
എത്ര ബാങ്കുകള്‍ പകുത്ത് തിന്നും
നിന്റെയാ നാറുന്ന ശവശരീരം?
തിരികെ വന്നു നീയാ കാറൊന്ന് കഴുക്.
സമാധാനമായുറങ്ങട്ടെ
വഴിനടക്കുന്നവന്‍...!
><
'ഇ-പത്രം-മഞ്ഞയില്‍ 'പ്രസിദ്ധീകരിച്ചത്