Wednesday, October 20, 2010

ഉറക്കത്തില്‍

കണ്‍പോളകളില്‍ ഉറക്കം
മെല്ലെ മുട്ടുമ്പോഴേക്കും
കപ്പിത്താനെ ഉപേക്ഷിച്ച്
നടുക്കടലിലേക്ക്
നങ്കൂരമിടുന്നു കപ്പലുകള്‍.

ആകാശത്തോളം വലുപ്പമുള്ള
ചീനവലക്കുള്ളില്‍
ദിശതെറ്റിയലയും...
ഭൂമിയോളം വലുപ്പമുള്ള
ഇരുട്ടില്‍ വഴിതിരയും...
മുതിര്‍ന്നവരെന്നു സ്വയം തോന്നിയ
മീനുകള്‍ ഉയര്‍ന്നു വന്നു കണ്ണുരുട്ടും.

എപ്പോള്‍ ഉറങ്ങിയെന്ന്
ഓര്‍ത്തെടുക്കുവാനാകാതെ
ചോരവാര്‍ന്ന് വിളറിയ
ഒരു മഞ്ഞുമലയുണ്ട്
പ്രാണനേയെന്നു ചേര്‍ത്ത് പിടിക്കുന്നു.

സ്വസ്ഥത നശിച്ചവരുടെ നിഴലുകള്‍
ചേര്‍ത്ത് വെച്ചു
ചേര്‍ത്ത് വെച്ചു
രാത്രിക്ക് നിറം കൂട്ടുന്നു
ഉറക്കത്തിന്റെ ദൈവം.

രാത്രിയും പകലും പോലെ
നിറ വ്യത്യാസമുള്ള
രണ്ടിടങ്ങളില്‍ കിടക്കുമ്പോ
ഭദ്രമായി വാതിലടച്ചു കുറ്റിയിട്ടതാണ് .
എന്നിട്ടുമെന്തേ
നമ്മളിവിടെ
തണുത്തു വിറച്ച് ,
ചുണ്ട് കുതിര്‍ന്ന്
പിരിയാനാകാതെ.

ഇതൊന്നും മനസ്സിലാകാതെ
ഒറ്റ നോട്ടം കൊണ്ട്
ജീവിതമെന്ന് പിന്നെയും വിരട്ടുന്നു
ദൈവം.

><