Wednesday, October 20, 2010

ഉറക്കത്തില്‍

കണ്‍പോളകളില്‍ ഉറക്കം
മെല്ലെ മുട്ടുമ്പോഴേക്കും
കപ്പിത്താനെ ഉപേക്ഷിച്ച്
നടുക്കടലിലേക്ക്
നങ്കൂരമിടുന്നു കപ്പലുകള്‍.

ആകാശത്തോളം വലുപ്പമുള്ള
ചീനവലക്കുള്ളില്‍
ദിശതെറ്റിയലയും...
ഭൂമിയോളം വലുപ്പമുള്ള
ഇരുട്ടില്‍ വഴിതിരയും...
മുതിര്‍ന്നവരെന്നു സ്വയം തോന്നിയ
മീനുകള്‍ ഉയര്‍ന്നു വന്നു കണ്ണുരുട്ടും.

എപ്പോള്‍ ഉറങ്ങിയെന്ന്
ഓര്‍ത്തെടുക്കുവാനാകാതെ
ചോരവാര്‍ന്ന് വിളറിയ
ഒരു മഞ്ഞുമലയുണ്ട്
പ്രാണനേയെന്നു ചേര്‍ത്ത് പിടിക്കുന്നു.

സ്വസ്ഥത നശിച്ചവരുടെ നിഴലുകള്‍
ചേര്‍ത്ത് വെച്ചു
ചേര്‍ത്ത് വെച്ചു
രാത്രിക്ക് നിറം കൂട്ടുന്നു
ഉറക്കത്തിന്റെ ദൈവം.

രാത്രിയും പകലും പോലെ
നിറ വ്യത്യാസമുള്ള
രണ്ടിടങ്ങളില്‍ കിടക്കുമ്പോ
ഭദ്രമായി വാതിലടച്ചു കുറ്റിയിട്ടതാണ് .
എന്നിട്ടുമെന്തേ
നമ്മളിവിടെ
തണുത്തു വിറച്ച് ,
ചുണ്ട് കുതിര്‍ന്ന്
പിരിയാനാകാതെ.

ഇതൊന്നും മനസ്സിലാകാതെ
ഒറ്റ നോട്ടം കൊണ്ട്
ജീവിതമെന്ന് പിന്നെയും വിരട്ടുന്നു
ദൈവം.

><

17 കൂട്ടുകാര്‍ എഴുതിയത്:

ചന്ദ്രകാന്തം said...

ആകാശത്തോളം വലുപ്പമുള്ള ചീനവലയ്ക്കുള്ളില്‍..
..നിഴലുകള്‍ ചേര്‍ത്ത് വെച്ചു ചേര്‍ത്ത് വെച്ചു
രാത്രിക്ക് നിറം കൂട്ടുന്നു
ഉറക്കത്തിന്റെ ദൈവം.

മഞ്ഞുവലയില്‍ മയങ്ങുന്ന പ്രഭാതത്തില്‍ ഇതു വായിയ്ക്കാന്‍.. സുഖം.

yousufpa said...

ആകുലതകൾ മനസ്സിനെ വേട്ടയാടുമ്പോഴുണ്ടാകുന്ന വേണ്ടാദീനങ്ങളാണ് കവിത നിറച്ചും.സ്വസ്ഥമായി മനസ്സിനെ ഒരിടത്ത് ഉറപ്പിച്ച് നിറുത്തുക ഇന്ന് സാധ്യമായ ഒന്നല്ലാതായിരിക്കുന്നു.സാധ്യമായത് എന്തെന്ന് കണ്ടെത്തുകയും അതിനെ മുറുക്കിപ്പിടിച്ച് മുന്നോട്ട് തുഴഞ്ഞോളൂ,പതുക്കെ പതുക്കെ സുഖമുള്ള നിദ്രയുടെ ആഴിയിലൂടെ.

തണല്‍ said...

ജീവിതമെന്ന് പിന്നെയും വിരട്ടുന്നു
ദൈവം..
:)

തണല്‍ said...

ജീവിതമെന്ന് പിന്നെയും വിരട്ടുന്നു
ദൈവം..
:)

t.a.sasi said...

സ്വസ്ഥത നശിച്ചവരുടെ നിഴലുകള്‍
ചേര്‍ത്ത് വെച്ചു ചേര്‍ത്ത് വെച്ചു
രാത്രിക്ക് നിറം കൂട്ടുന്നു
ഉറക്കത്തിന്റെ ദൈവം.

നല്ല വരികള്‍..

സന്തോഷ്‌ പല്ലശ്ശന said...

വാക്കുകളുടേയും വരികളുടേയും ഇഴയടുപ്പം.... പതിവുപോലെ നന്നായിത്തന്നെ നെയ്‌തെടുത്ത ഒരു കവിത. പക്ഷെ വായിച്ചുകഴിഞ്ഞപ്പോള്‍ ഒന്നും മനസ്സില്‍ ബാക്കിയാവുന്നില്ല. അതുകൊണ്ടുതന്നെ കവിത ഇഷ്ടായില്ല.

Unknown said...

ഓഹോ എന്ത് ഒരു തത്ത്യശാത്രം ...........

Anonymous said...

Nannayitund kinava..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതൊന്നും മനസ്സിലാകാതെ ഒറ്റ നോട്ടം കൊണ്ട്
ജീവിതമെന്ന് പിന്നെയും വിരട്ടുന്നു ദൈവം...

അല്ലാ..ദൈവത്തിന് ഇതുപോലെ വിരട്ടാനെല്ലെ പറ്റൂ...അല്ലേ?

മടിയൻ said...

urakkam...........
swpnam.........
ha,,, enthu rasamulla jeevitham

Ragavan said...

guys share this thing in english , so that i also come to know what malayalam friends talking about, if it's related to litrature,let me also participate to taste it. I am sreelal's friend.

ശ്രീനാഥന്‍ said...

വാതിലടച്ചു കുറ്റിയിട്ടാൽ രക്ഷപെടില്ലല്ലോ, നന്നായി കവിത.

മൃദുല | Mrudula said...

ഉറക്കമില്ലാത്തവരുടെ മുന്നിലേക്ക് ജീവിതം ഇട്ടുകൊടുത്തു പിന്നെയും പേടിപ്പിക്കുന്ന ദൈവം... കവിത ഇഷ്ടായി.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സ്വസ്ഥത നശിച്ചവരുടെ നിഴലുകള്‍
ചേര്‍ത്ത് വെച്ചു ചേര്‍ത്ത് വെച്ചു
രാത്രിക്ക് നിറം കൂട്ടുന്നു
ഉറക്കത്തിന്റെ ദൈവം.


Nalla varikal..valare ishtamaayi ee varikal

നിരഞ്ജന്‍.ടി.ജി said...

പകൽക്കിനാവൻ,
സ്വസ്ഥത നശിച്ചവരുടെ നിഴലുകൾ ചേർത്തുകൂട്ടിയ ഇരുട്ടിന്റെ ആ കട്ടി ഇപ്പോഴും മനസ്സിലൊരു ഘനമായി നിൽക്കുന്നു..

Mohamed Salahudheen said...

അസ്സല് ജീവിതം

പകല്‍കിനാവന്‍ | daYdreaMer said...

അഭിപ്രായം അറിയിച്ച കൂട്ടുകാർക്കെല്ലാം നന്ദി.