Tuesday, November 10, 2009

വാരാദ്യമാധ്യമം-മണലെഴുത്ത്‌

മണലെഴുത്ത്‌
വാരാദ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത് -2009 നവംബര്‍ 8 ഞായര്‍

Sunday, November 8, 2009

കാണാക്കടല്‍
ഷാര്‍ജയിലെ റോളയില്‍
ഇറച്ചിമാര്‍ക്കറ്റിനും പക്ഷിമാര്‍ക്കറ്റിനും
കുറുകേയുള്ള ഇടവഴിയില്‍
പഴയൊരു ‘ടൊയോട്ട കൊറോള’
മണ്ണും പൊടിയും നിറഞ്ഞ്
ചലനമറ്റ് കിടക്കുന്നു!

ആളു കൂടാറില്ല, കാഴ്ചക്കാരില്ല,
കൈയ്യടിയില്ല.
അറബിയിലും, മലയാളത്തിലും,
പിന്നെ പല ഭാഷകളിലും
തെറികള്‍ മാത്രം...!

ചിലര്‍ തല കുനിച്ചേ പോകൂ.
ചിലരൊന്ന് പാളിനോക്കും,
ഊറി ചിരിക്കും.
മുനിസിപ്പാലിറ്റിയുടെ
അവസാന നോട്ടീസിനൊപ്പം
“നായിന്റെ മോനേ...വണ്ടി കഴുകെടാ”
എന്നൊരുത്തന്‍...!

കാത്തിരുപ്പുണ്ടാകും,
പെണ്ണുണ്ടാകും, പെണ്‍കുട്ട്യോളുണ്ടാകും.
ചാനലുകാര് പകര്‍ത്തിയെടുത്ത്-
നിമിഷങ്ങള്‍ അളന്ന് വിറ്റിട്ടുണ്ടാകും.
അരി തരാം, പണം തരാം,
ജീവിതം തരാമെന്ന് പലരു പറഞ്ഞിട്ടുണ്ടാകും..!

എന്നാലും, എടാ...
എന്തിനാണീ ഒളിച്ചുകളി?
തണുത്തുവിറച്ച് ഏത് ഇരുട്ടിലാകും നീ?
നിനക്ക് തണുക്കില്ലേ? പേടിയാകില്ലേ?
ഏതു നടുറോട്ടിലാകും
നിന്റെ ചോര വെയില്‍കൊണ്ടുണങ്ങിയത്?
എത്ര ബാങ്കുകള്‍ പകുത്ത് തിന്നും
നിന്റെയാ നാറുന്ന ശവശരീരം?

തിരികെ വന്നു നീയാ കാറൊന്ന് കഴുക്.
സമാധാനമായുറങ്ങട്ടെ
വഴിനടക്കുന്നവന്‍...!

><

'ഇ-പത്രം-മഞ്ഞയില്‍ 'പ്രസിദ്ധീകരിച്ചത്

Sunday, October 11, 2009

മണ്ണെഴുത്ത്‌

മഴയും പുഴയും ഉപേക്ഷിച്ചുപോയ
അസ്വസ്ഥതകളില്‍
ഉറക്കം നടിച്ചുകിടക്കും
മരുഭൂമിയിലെ 'മസറകള്‍'...*

വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...

മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.
എത്ര നടന്നാലും അലറിക്കരഞ്ഞാലും
തിരിച്ചു കിട്ടില്ലൊരുവാക്കുപോലും.

ഒരോ നിമിഷങ്ങളും പെറുക്കിവെച്ച്
പണിതെടുക്കും കളിവീട്.
നോക്കരുതേയെന്ന് എത്ര പറഞ്ഞാലും
ഇടംകണ്ണെറിഞ്ഞ് കളിയാക്കിച്ചിരിക്കും
ഒട്ടകകൂട്ടുകാര്‍.

പൊട്ടന്‍!
മണലിലെഴുതിയിടും,
ന്റെ ഉമ്മാന്നും.. ന്റെ മോളേന്നും…
വെയിലുകൊണ്ട് പഴുത്തുപോയ
കത്തുകള്‍ കാറ്റ് വന്നെടുത്തുപോകും..

വെള്ളരിക്കയും തക്കാളിയുമിട്ട്
പച്ചയരച്ച് കടൂ വറുക്കുമ്പോഴും
ആമിനുമ്മ ദുആ ഇരക്കും.
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേന്ന്'

വേനലില്‍ നരച്ചുപോയ
മേഘങ്ങളുടെ ഇടയിലിരുന്ന്
റബ്ബേ നീ കരുതുന്നുണ്ടാവും
ഓനും ഒരു ഒട്ടകമാണെന്ന്.

പൊട്ടന്‍!
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാ‍ലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!

>< * അറബി നാടുകളിലെ മരുഭൂമികളില്‍ ഒട്ടകങ്ങളെയും മറ്റു മൃഗങ്ങളെയും വളര്‍ത്തുന്ന സ്ഥലം, കൃഷിയിടം
Mannezhuthu.mp3ആലാപനം: കുഴൂര്‍ വിത്സണ്‍
മിശ്രണം: റോബിന്‍ ആന്റണി

ഏഷ്യാനെറ്റ്‌ റേഡിയോ 657AM യു എ ഇ, ഒക്ടോബര്‍ 10, ചൊല്ലരങ്ങില്‍ 'മണ്ണെഴുത്ത്‌ ' ഇവിടെ കേള്‍ക്കാം

വാരാദ്യ മാധ്യമത്തില്‍ (2009 നവംബര്‍ 8 ഞായര്‍) പ്രസിദ്ധീകരിച്ചത്

Wednesday, July 1, 2009

ഉറക്കം മുറിഞ്ഞവരുടെ തെരുവ്

വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.

ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

<>

'പുഴ ഓണ്‍ലൈന്‍ മാഗസിനില്‍ 'പ്രസിദ്ധീകരിച്ചത്

Wednesday, March 18, 2009

കടല്‍ സാക്ഷിയാകും

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...

കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക്‌ പോകാനായ്...

വെയില് കാണാന്‍ പോയ
പെണ്‍ മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും...

തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും..

കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും ...

വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും...

ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...

<>